കൂരാച്ചുണ്ട്: പ്രായം വെറും അക്കം മാത്രമെന്ന് തെളിയിച്ച് ഭാരത പര്യടനവുമായി കൂരാച്ചുണ്ടിലെ ദമ്പതിമാരായ നാലംഗ സംഘം. കല്ലാനോട് പന്തപ്ലാക്കൽ ജോസ് (71) ഭാര്യ റിട്ട. അധ്യാപിക സെലിൻ (67) റിട്ട. അധ്യാപകരായ തറപ്പേൽ ഓസ്റ്റിൻ (65) ഭാര്യ ലിസി (62) എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ രാവിലെ കൂരാച്ചുണ്ടിൽ നിന്ന് കാറിൽ ഭാരത പര്യടനം ആരംഭിച്ചത്.
മുതിർന്ന പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവർ പര്യടനം നടത്തുന്നത്. ഇന്ത്യയിലെ ഇരുപത്തെട്ട് സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് രണ്ട് മാസങ്ങൾക്കുശേഷം നാട്ടിൽ തിരിച്ചെത്തുകയാണ് ലക്ഷ്യം. പ്രവാസിയായ ജോസും സെലിനും ഇതിനു മുമ്പ് ഒരു തവണ ഭാരത പര്യടനം നടത്തിയിട്ടുണ്ട്. യാത്രയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഫ്ലാഗ് ഓഫ് ചെയ്തു. കെഎസ്എസ്പിയു ബാലുശേരി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജൻ ഉറുമ്പിൽ അധ്യക്ഷത വഹിച്ചു.
വാർഡ് അംഗങ്ങളായ സണ്ണി ജോസഫ്, എൻ.കെ. കുഞ്ഞമ്മദ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ഒ. ഗോപിനാഥൻ, ലിസി ജോസഫ്, തോമസുകുട്ടി ചെരിയംപുറത്ത് എന്നിവർ പ്രസംഗിച്ചു.